തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ക്രമസമാധാന പാലനത്തിനും ഭരണ നിർവ്വഹണത്തിനും സർക്കാരിന് താൽപര്യം ഇല്ലെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം വസ്തുതകകൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രമസമാധാന വിഷയത്തിൽ സർക്കാരിനെ മാധ്യമങ്ങളിലൂടെ വിമർശിക്കുന്ന ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു പരാതി ഉണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കുക എന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഗവർണ്ണർ പ്രവർത്തിക്കുന്നത് ഒരു സാധാരണ ബിജെപി നേതാവിനെ പോലെയാണ്. വിഴിഞ്ഞം വിഷയത്തിൽ സർക്കാർ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാതെയാണ് ഗവർണ്ണറുടെ വിമർശനം. ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിർത്താൻ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് അന്വേഷിക്കലാണ്. സർക്കാരിനെ സഹായിക്കാൻ ബാധ്യതയുള്ള ഗവർണ്ണർ പ്രതിപക്ഷ നേതാവിനെ പോലെയാണ് പ്രവർത്തിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രിയെ വിമർശിക്കുകയാണ് ഗവർണ്ണറുടെ ഹോബിയെന്നും അദ്ദേഹം വിമർശിച്ചു.
ഒരു ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത് സർക്കാരിന്റെ തീരുമാനപ്രകാരമാണ്. സർക്കാർ ഏത് ബില്ല് അവതരിപ്പിക്കണമെന്ന് പറയാനുള്ള അധികാരം ഗവർണ്ണർക്കില്ല. വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നിരവധി പൊലീസുകാരാണ് ആശുപത്രിയിലുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിൽ രാജ്യാന്തര ഏജൻസി ഉണ്ടെന്ന ആരോപണങ്ങളോട് ഗവർണ്ണറുടെ മറുപടി എന്താണെന്നും മന്ത്രി ചോദിക്കുന്നു. രാജ്ഭവന്റെ ആർഭാടം കൂട്ടാനും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള ആവശ്യങ്ങൾ നിരന്തരം ഉന്നയിക്കുന്നതിൽ ഗവർണ്ണർ യാതൊരു മടിയും കാണിക്കുന്നില്ലെന്നും വി ശിവൻകുട്ടി പരിഹസിച്ചു.

