കൊച്ചി: വിഴിഞ്ഞം ആക്രമണം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ആക്രമണത്തിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടു വരണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഡിജിപിക്കും നിർദ്ദേശം നൽകണം. സർക്കാരിന് സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെയോ, കേന്ദ്ര സേനയുടേയോ സഹായം തേടാൻ കോടതി ഉത്തരവിടണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
അതേസമയം, വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തിൽ നടന്ന കലാപമാണെന്നാണ് കേരളാ പോലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാറാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സംഘർഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഫാദർ യൂജിൻ പെരേര ഉൾപ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപം നടന്നതെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 40 പേജുള്ള റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചത്. നവംബർ 26, 27 തീയതികളിൽ വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ഉണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. നവംബർ 26ന് ഹൈക്കോടതി ഉത്തരവനുസരിച്ച് പോലീസ് സംരക്ഷണത്തോടെ തുറമുഖ നിർമാണത്തിന് എത്തിച്ച ലോറികൾ സമരക്കാർ തടഞ്ഞു. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ നശിപ്പിച്ചു. തുറമുഖ നിർമാണത്തെ അനുകൂലിക്കുന്നവരെയും പോലീസിനെയും ആക്രമിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നവംബർ 27 നാണ് വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ ആക്രമണം നടന്നത്. മൂവായിരത്തോളം പേർ സംഘടിച്ചാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. ആകെ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നും പോലീസ് റിപ്പോർട്ടിൽ വിശദമാക്കുന്നു. സംഘർഷത്തിന്റെയും നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

