തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ‘മന്ത്രി അബ്ദുറഹ്മാനെതിരെ ഫാദര്‍ തിയോഡീഷ്യസ് നടത്തിയത് വര്‍ഗീയ പരാമര്‍ശമാണ്. ബോധപൂര്‍വം പറഞ്ഞ പരാമര്‍ശമാണത്. സംഘപരിവാറിന്റെ താല്പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുകയാണ്. പറയേണ്ടത് മുഴുവന്‍ പറഞ്ഞിട്ട് മാപ്പ് പറയുന്നതില്‍ എന്ത് അര്‍ത്ഥം? യുഡിഎഫ് നേതൃത്വത്തിലെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മാപ്പ് പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ല. മുസ്ലിം സമം തീവ്രവാദം എന്ന ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയത്’- മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വിഴിഞ്ഞം പൊലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്റെ പ്രസ്താവനയെന്ന് എഫ്ഐആറില്‍ ചൂണ്ടിക്കാട്ടി. ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാന്‍ നേരത്തെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഫാ. തിയോഡേഷ്യസ് വര്‍ഗീയ പരാര്‍മശം നടത്തിയത്. മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന് പൊലീസില്‍ വൈദികനെതിരെ നല്കിയ പരാതിയിലാണ് കേസ്.
പരാമര്‍ശം വിവാദമായതോടെ ലത്തീന്‍ രൂപതയും, ഫാ.തിയോഡേഷ്യസും മാപ്പ് പറഞ്ഞ് പ്രസ്താവനയിറക്കിയിരുന്നു.

