ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പത്തൊന്‍പത് ജില്ലകളിലെ 89 മണ്ഡലങ്ങളില്‍ നടന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. അഞ്ച് മണിവരെയായിരുന്നു പോളിംഗ്.
സൗരാഷ്ട്ര കച്ച് മേഖലകളിലും തെക്കന്‍ ഗുജറാത്തിലുമാണ് ഇന്ന് പോളിംഗ് നടന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ (ബി ജെ പി) കോണ്‍ഗ്രസിന്റെ അമീ യാജ്നിക്ക്, ഹാര്‍ദിക് പട്ടേല്‍(ബി ജെ പി), ഭരവാദ് ലഖാഭായ് ഭിഖാഭായി(കോണ്‍ഗ്രസ്) അടക്കമുള്ള 788 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. ‘രാമഭക്തരുടെ നാട്ടില്‍ ഒരാളെ രാവണന്‍ എന്ന് വിളിക്കുന്നത് ശരിയല്ല’ എന്ന് പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘എല്ലാ തിരഞ്ഞെടുപ്പുകളിലും മോദിയുടെ ചിത്രമാണ് കാണുന്നത്. നരേന്ദ്ര മോദിക്കെന്താ രാവണനെപ്പോലെ നൂറ് തലയുണ്ടോ? മോദി എന്താ എല്ലാവര്‍ക്കുവേണ്ടിയും ജോലി ചെയ്യാന്‍ വരുന്നുണ്ടോ? നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായത്തിനായി മോദി വരാറുണ്ടോ?’- എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

