സമരം ചെയ്യുന്നവരെ മതതീവ്രവാദികളെന്നും വികസന വിരോധികളെന്നും മുദ്രകുത്തുന്നത് ശരിയല്ല; സീറോ മലബാർ സഭ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ. വിഴിഞ്ഞം സമരത്തിലാണ് സർക്കാരിനെതിരെ സിറോ മലബാർ സഭ രംഗത്തെത്തിയത്. സമരം ചെയ്യുന്നവരെ മതതീവ്രവാദികളെന്നും വികസന വിരോധികളെന്നും മുദ്രകുത്തുന്നത് ശരിയല്ലെന്ന് സീറോ മലബാർ സഭ അറിയിച്ചു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനും സഹായമെത്രാനുമെതിരായ കേസ് അപലപനീയമെന്നും സിറോ മലബാർ സഭ വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് സീറോ മലബാർ സഭ ഇക്കാര്യം അറിയിച്ചത്.

വിഴിഞ്ഞത്ത് തീരദേശവാസികൾ നേരിടുന്നത് മനഃപൂർവ്വമായ മാനവികതാധ്വംസനമാണ്. നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട് സിമന്റ് ഗോഡൗണിൽ കഴിയേണ്ടിവരുന്ന ജനതയുടെ മുറവിളി കേൾക്കാൻ സർക്കാർ സംവിധാനങ്ങൾ സന്നദ്ധമാകണം. സമരത്തെ ഇടതുപക്ഷ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി സംശയാസ്പദമാണ്. പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ല. കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾ, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമാണ് ഉൾപ്പെട്ടത്. അവർക്ക് തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണെന്നും സഭ ചൂണ്ടിക്കാട്ടി.

സ്വന്തം മണ്ണിൽനിന്നും സംസ്‌കാരത്തിൽനിന്നും ഒഴിഞ്ഞുപോകാൻ നിർബന്ധിതമാകുന്നതിലൂടെ മനഃപൂർവ്വമായ മാനവികതാധ്വംസനം തന്നെയാണ് വിഴിഞ്ഞത്ത് തീരദേശവാസികൾ നേരിടുന്നത്. ന്യായമായ സമരത്തിലൂടെ പ്രകടിപ്പിക്കുന്ന വിയോജിപ്പുകളെ സർക്കാർ കൈകാര്യം ചെയ്യുന്ന പുതിയ ആധിപത്യരീതി ജനങ്ങളിൽ ഭീതിയുളവാക്കുന്നു. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ജീവന്മരണപോരാട്ടത്തെ അസഹിഷ്ണുതയോടെ നേരിടുന്ന സർക്കാർ നടപടികൾ വേദനയുളവാക്കുന്നതാണ്. തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും അകാരണമായി പ്രതികളാക്കിയെടുത്ത കേസ് അപലപനീയമാണ്. തലസ്ഥാനത്ത് ഒരു ജനത മുഴുവൻ സമരമുഖത്താണ്. ഇത്തരത്തിലുള്ള ജനകീയ സമരത്തെ ഇടതുപക്ഷസർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ പൊതുസമൂഹത്തിന് സംശയങ്ങളുണ്ട്. കടലിലുള്ളത് കവരാൻ കൂട്ടുകൂടുന്ന കുത്തകകൾക്കൊപ്പമാണ് സർക്കാരെന്ന് അനുദിനം തെളിയിച്ചുക്കൊണ്ടിരിക്കുകയാണെന്ന് സീറോ മലബാർസഭ അഭിപ്രായപ്പെട്ടു.