ന്യൂഡൽഹി: ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണ്ണയത്തിനെതിരായ ഹർജികളിൽ വാദം പുന:രാരംഭിച്ച് സുപ്രീം കോടതി. ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് ശേഷം നടത്തിയ മണ്ഡല പുനർനിർണ്ണയം ഭരണഘടന പരമായി നില നിൽക്കുന്നതല്ലെന്നാണ് ഹർജിക്കാരുടെ വാദം. മണ്ഡല പുനർനിർണ്ണയം ചോദ്യം ചെയ്ത് ജമ്മു കശ്മീർ സ്വദേശികൾക്കായി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ തുടങ്ങിയവരാണ് ഹർജി സമർപ്പിച്ചത്.
മുതിർന്ന അഭിഭാഷകൻ രവിശങ്കർ ജന്ധ്യാലയാണ് ഹർജിക്കാർക്കായി ഹാജരായത്. ഭരണഘടനയുടെ അധികാരങ്ങളെ തരംതാഴ്ത്തുന്ന നടപടിയാണ് സംഭവിച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. നിലവിലെ സെൻസസ് പ്രകാരം സീറ്റുകൾ വർധിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. ജമ്മു കശ്മീർ സംഘടന നിയമത്തിലെ വ്യവസ്ഥകളിലെ പൊരുത്തക്കേടുകൾ ഹർജിക്കാർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇതിലെ ഭരണഘടന വ്യവസ്ഥയുടെ സാധുത ഹർജിയിൽ ചോദ്യം ചെയ്യുന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

