വാഷിങ്ടൺ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടേണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി ചൈന. യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പെന്റഗൺ ആണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ചൈന ഭീഷണിപ്പെടുത്തിയ വിവരം വ്യക്തമാക്കിയിട്ടുള്ളത്.
യുഎസുമായി കൂടുതൽ അടുപ്പമുണ്ടാകുന്ന തരത്തിൽ ഇന്ത്യയുമായി അതിർത്തി സംഘർഷം വളരാതെ നോക്കണമെന്ന് ചൈന ആവശ്യപ്പെടുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ചൈന വിലക്കിയിട്ടുണ്ടെന്നും പെന്റഗൺ അറിയിച്ചു.
2021ൽ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപം അടിസ്ഥാന സൗകര്യ വികസനവും സേനാവിന്യാസവും ഉറപ്പാക്കുകയാണ് ചൈന ചെയ്തത്. ഇരുരാജ്യങ്ങളും പ്രതിരോധ നടപടികൾ ശക്തമാക്കിയതോടെ ചർച്ചകളിൽ നേരിയ പുരോഗതിയേ ഉണ്ടായുള്ളൂ. 2020 മേയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈന്യം ഏറ്റുമുട്ടിയത്. ഗൽവാനിലുണ്ടായ സംഘർഷം 46 വർഷത്തിനിടെ ഇരുരാജ്യങ്ങൾക്കുമിടയിലെ കടുത്ത ഏറ്റുമുട്ടലാണെന്നും പെന്റഗൺ സമർപ്പിച്ച റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

