കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ പ്രവേശന സമയം സംബന്ധിച്ച വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. പ്രായപൂർത്തിയായ പൗരന്മാരെ അവർക്ക് ഇഷ്ടമുള്ളയിടത്ത് പോകാൻ അനുവദിച്ചു കൂടേയെന്നാണ് കോടതി ചോദിക്കുന്നത്. കേസിൽ ബുധനാഴ്ച്ച സംസ്ഥാന വനിതാ കമ്മീഷനും തങ്ങളുടെ നിലപാട് വ്യക്തമാക്കും.
പെൺകുട്ടികൾ രാത്രി പത്തുമണിക്ക് മുൻപ് കോളേജ് ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കണമെന്നതാണ് കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ നിലവിലുള്ള നിയമം. ഹോസ്റ്റലിന്റെ ഗേറ്റ് പത്ത് മണി കഴിഞ്ഞാൽ അടയ്ക്കും. പിന്നീട് വരുന്ന വിദ്യാർഥികൾ ഏറെ നേരം പുറത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ചോദ്യം ചെയ്താണ് കഴിഞ്ഞദിവസം പെൺകുട്ടികൾ രംഗത്തെത്തിയത്. തുടർന്ന് പ്രതിഷേധവും നടന്നു.
മെഡിക്കൽ കോളേജിൽ രാത്രി 11.30 വരെ ലൈബ്രറിയും മറ്റും പ്രവർത്തിക്കുന്നുണ്ട്. ഈ സംവിധാനങ്ങൾ തങ്ങൾക്കും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നത്. ആൺകുട്ടികൾക്ക് ഇത്തരം നിയന്ത്രണങ്ങളില്ലെന്നും പെൺകുട്ടികൾ ചൂണ്ടിക്കാട്ടുന്നു.

