ന്യൂഡൽഹി: ഇന്ത്യയുടെ പുരോഗതി രാജ്യത്തിന്റെ സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ ടെക്‌നോളജി സമ്മിറ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയുടെ വികസനവും സാങ്കേതികവിദ്യാ വികസനവും വളരെ അടുപ്പമുണ്ട്. സെമികണ്ടക്ടറുകൾ, 5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കൊമേഴ്യൽ സ്‌പേസ്ഫ്‌ലൈറ്റ്, സാറ്റലൈറ്റ് നിർമ്മാണം എന്നിങ്ങനെ വിവിധകാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒരുപാട് ധ്രുവങ്ങളുള്ള ലോകക്രമത്തിൽ സാങ്കേതികവിദ്യ നിർണായകമാണ്. ഇന്ത്യയുടെ ജിയോപൊളിറ്റിക്കൽ സ്വാധീനത്തിൽ ഇത് ശ്രദ്ധേയമാണെന്നും അദ്ദേഹം വിശദമാക്കി.
സാങ്കേതികവിദ്യ നിഷ്പക്ഷമാണെന്ന ചിന്താഗതി നമ്മൾ ഉപേക്ഷിക്കണം. സാങ്കേതികവിദ്യയാണ് ഒരുപാട് കാര്യങ്ങളെ നിയന്ത്രിക്കുന്നത്. സാങ്കേതികവിദ്യക്ക് ശക്തമായ രാഷ്ട്രീയസ്വഭാവമുണ്ടെന്ന് നമ്മൾ തിരിച്ചറിയണം. ലോക സമ്പദ് വ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് സാമ്പത്തിക തന്ത്രങ്ങൾ സ്വതന്ത്രമാകണം. ഇതിന് എല്ലാ രാജ്യങ്ങളും ഏറ്റവും മികച്ച ടെക്‌നോളജി ഉപയോഗിക്കും. ഇതിന് പങ്കാളികളെയും ഇന്ത്യയ്ക്ക് സ്വന്തമായുള്ള ടെക്‌നോളജിയുടെയും തന്ത്രങ്ങളുടെയും ഗുണമേന്മയും പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നിർമ്മിച്ച ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ സമാനമായ മറ്റു രാജ്യങ്ങളിൽ താൽപര്യം ഉണർത്താൻ സഹായിച്ചിട്ടുണ്ട്. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക മേഖലകളിലുള്ള മന്ത്രിതല ചർച്ചകൾ ഇതിനായി നടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

