ന്യൂഡൽഹി: എയിംസ് സർവർ ഹാക്കിംഗിൽ കൂടുതൽ നടപടികൾ സ്വീകരിച്ച് അധികൃതർ. സൈബർ സുരക്ഷക്കായി നടപടികൾ സ്വീകരിച്ചുവെന്ന് എയിംസ് വ്യക്തമാക്കി. കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ വീണ്ടെടുക്കാനായെന്നും എയിംസ് വൃത്തങ്ങൾ അറിയിച്ചു. ആശുപത്രി സേവനങ്ങൾ മാന്വൽ രീതിയിൽ കുറച്ച് ദിവസം കൂടി തുടരും. അതേസമയം, ഹാക്കിംഗിനെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചു.
അഡ്മിഷൻ, പരിശോധന റിപ്പോർട്ട് തയ്യാറാക്കൽ, ബില്ലിംഗ് നടപടികൾ തുടങ്ങിയവയെല്ലാം തകരാറിലാണ്. മാന്വൽ രീതിയിൽ ഈ പ്രവർത്തനങ്ങൾ നടത്തുന്നത് ഫലപ്രദമാകുന്നില്ലെന്നാണ് രോഗികളും, കൂട്ടിരിപ്പുകാരും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങൾ ഡൽഹി എയിംസ് ആശുപത്രിയുടെ സർവറിലുണ്ട്. വാക്സിൻ പരീക്ഷണത്തിന്റെ നിർണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
സർവർ തകരാർ എന്നാണ് ആദ്യം എയിംസ് അധികൃതർ പറഞ്ഞത്. പിന്നീടാണ് ഹാക്കിംഗ് വിവരം പുറത്തു വന്നത്.

