കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗന്‍ഡ സിനിമയെന്ന, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി ചെയര്‍മാന്റെ വിമര്‍ശനത്തിന് പരോക്ഷമായി മറുപടി നല്‍കി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ‘സത്യം അപകടകരമായ സംഗതിയാണ്, അത് ആളുകളെക്കൊണ്ട് നുണ പറയിക്കും’ എന്നു ട്വീറ്റ് ചെയ്തുകൊണ്ടാണ് വിവേക് അഗ്‌നിഹോത്രി വിവാദത്തോടു പ്രതികരിച്ചത്.
അതേസമയം, നിരവധി പേര്‍ ജൂറി ചെയര്‍മാനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡിന്റെ വിമര്‍ശനത്തിനെതിരെ രംഗത്തുവന്നു. വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമയാണെന്നാണ് നദാവ് ലാപിഡ് പറഞ്ഞത്. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് ഈ വിമര്‍ശനം ഉന്നയിച്ചത്. ഇതിനെതിരെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
ഐഎഫ്എഫ്ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്. ഇതിവിടെ പരസ്യമായിത്തന്നെ പറയുകയാണ്. നല്ലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നാല്‍ അതില്‍ വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക കൂടിയാണെന്ന് ഇസ്രായേലി സംവിധായകന്‍ പറഞ്ഞു.

