സംസ്ഥാന സർക്കാരിന് തിരിച്ചടി; സിസ തോമസിന് ചുമതല നൽകിയതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഗവർണറുമായുള്ള പോരാട്ടത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. എപിജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ഡോ. സിസ തോമസിന് നൽകിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ സിസ തോമസിന് ചുമതല നൽകിയതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി തള്ളിയത്.

താത്കാലിക വിസിയായി സിസ തോമസിന് തുടരാമെന്നും അവർക്ക് മതിയായ യോഗ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥിരം വി.സിയെ മൂന്ന് മാസത്തിനകം നിയമിക്കണമെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു. സർക്കാർ ശുപാർശ ചെയ്ത രണ്ടുപേർക്കും യോഗ്യതയില്ലെന്ന ഗവർണറുടെ കണ്ടെത്തലിനെയും കോടതി ശരിവെച്ചു.

യുജിസി മാനദണ്ഡപ്രകാരം യോഗ്യത ഇല്ലാത്ത അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ശുപാർശ ചെയ്ത സർക്കാർ നടപടി തെറ്റാണ്. ഉദ്യോഗസ്ഥർക്ക് വിസിയാകാൻ സാധിക്കില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേര് സർക്കാർ ശുപാർശ ചെയ്തെതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.