തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മിഷൻ തുകയും അനുവദിച്ച് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. ഒക്ടോബർ മാസത്തെ കമ്മിഷൻ തുകയിൽ 49 ശതമാനം മാത്രം അനുവദിച്ചായിരുന്നു സർക്കാർ നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീടാണ് സർക്കാർ സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മിഷൻ തുകയും അനുവദിച്ച് ഉത്തരവ് പുറത്തിറക്കിയത്.
ഡിസംബർ 23നകം റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ കൊടുത്തുതീർക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷൻ വ്യാപാരികൾക്ക് നൽകണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. കുടിശ്ശിക തീർക്കാൻ വൈകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.
റേഷൻ ഡീലർമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കുടിശ്ശിക കമ്മീഷൻ വിതരണം ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് കോടതിലക്ഷ്യ ഹർജിയുമായി റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കും കോടതി കർശന നിർദ്ദേശം നൽകിയത്.

