അവതാര്‍-2: കേരളത്തില്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്‌

വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതിനാല്‍ ‘അവതാര്‍-ദ വേ ഒഫ് വാട്ടര്‍’ കേരളത്തില്‍ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഡിസംബര്‍ 16നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളിലാണ് ചിത്രത്തിന് ഇന്ത്യയില്‍ റിലീസ് ഉണ്ടായിരുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.

അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത് 2009 ലാണ്. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന പേര് അവതാര്‍ സ്വന്തമാക്കിയിരുന്നു. 2012ലാണ് ചിത്രത്തിന്റെ തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജെയിം കാമറൂണ്‍ പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് വന്നതോടെ ചിത്രീകരണം വൈകുകയായിരുന്നു. സാം വര്‍ത്തിംഗ്ടന്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.