കശ്മീർ ഫയൽസ് കശ്മീരിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഇടം നൽകുന്ന ശക്തമായ സിനിമ; ഇസ്രായേൽ കോൺസൽ ജനറൽ

മുംബൈ: കശ്മീർ ഫയൽ സംബന്ധിച്ച ഇപ്പോൾ ഉയരുന്ന വിവാദങ്ങൾ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് മിഡ്‌വെസ്റ്റ്‌ ഇന്ത്യയിലേക്കുള്ള ഇസ്രായേൽ കോൺസൽ ജനറൽ കോബി ഷോഷാനി. മുംബൈയിൽ നടൻ അനുപം ഖേറുമായി നടത്തിയ പത്രസമ്മേളനത്തിലാണ് ശോഷണി ഇക്കാര്യം വ്യക്തമാക്കിയത്. ‘കശ്മീർ ഫയൽസ്’ എന്ന ചിത്രം ഒരു പ്രൊപ്പഗണ്ടയല്ല മറിച്ച് കശ്മീരിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഇടം നൽകുന്ന ശക്തമായ സിനിമയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾക്ക് ശേഷം ആദ്യം രാവിലെ താൻ വിളിച്ചത് തന്റെ സുഹൃത്തായ അനുപം ഖേറിനെയാണ്. ക്ഷമ ചോദിക്കാൻ വേണ്ടിയായിരുന്നു അത്. വ്യക്തിപരമായ അഭിപ്രായം മാത്രമായ പ്രസംഗത്തെക്കുറിച്ച് താൻ മാപ്പ് പറഞ്ഞുവെന്ന് അദ്ദേഹം വിശദമാക്കി. കശ്മീർ ഫയൽ സംബന്ധിച്ച പരാമർശം ഔദ്യോഗികമായോ അനൗദ്യോഗികമായോ ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഗോവയിൽ നടന്ന ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ കശ്മിർ ഫയൽസ് കണ്ടിട്ട് അസ്വസ്ഥയും നടുക്കവുമുണ്ടായെന്ന് ഇസ്രയേലി സംവിധായകനായ നാദവ് ലാപിഡ് പറഞ്ഞിരുന്നു. തുടർന്നാണ് ഷോഷാനി പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു പ്രൊപ്പഗണ്ട ചിത്രമായാണ് ‘ദ കശ്മിർ ഫയൽസ്’ തോന്നിയതെന്നായിരുന്നു നാദവ് ലാപിഡിന്റെ വിമർശനം.