തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കേസുകള്‍ അന്വേഷിക്കാന്‍ തിരുവനന്തപുരം ഡിസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരും സംഘത്തില്‍ ഉണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം.
അതേസമയം, അവധിയിലുള്ള പൊലീസുകാര്‍ തിരിച്ചെത്തണം. തീരദേശ സ്റ്റേഷനുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുഴുവന്‍ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങള്‍ നിരിക്ഷിക്കണം എന്നാണ് എഡിജിപിയുടെ നിര്‍ദ്ദേശം. വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്.
വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ കത്തിക്കുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കുന്നു. മുല്ലൂരിലെ ഉപരോധ സമരപ്പന്തലില്‍ പൊതു സമ്മേളനവും ഉണ്ടാക്കുന്നു.

