തുറമുഖ നിര്‍മ്മാണം സര്‍ക്കാരിന് നിര്‍ത്തി വെക്കാനാവില്ല; സഭാ നേതൃത്വം വിവേകത്തോടെ നിലപാട് സ്വീകരിക്കണമെന്നും തോമസ് ഐസക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സര്‍ക്കാരിന് നിര്‍ത്തി വെക്കാനാവില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തോമസ് ഐസക്കിന്റെ വാക്കുകള്‍

6000 കോടി രൂപ ഇതുവരെ പദ്ധതിക്കായി ചിലവഴിച്ചു. ഇന്ന് സമരം ചെയ്യുന്നവര്‍ പദ്ധതി വേഗം നടപ്പാക്കാന്‍ സമരം ചെയ്തവരാണ്. സഭാ നേതൃത്വം വിവേകത്തോടെ നിലപാട് സ്വീകരിക്കണം. ആര്‍ക്കെങ്കിലും ഉള്‍വിളി തോന്നുമ്പോള്‍ നിര്‍ത്തേണ്ടതാണോ വികസന പദ്ധതികള്‍? എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ഉയര്‍ന്നു വന്ന പലവിധ തടസ്സങ്ങള്‍ തരണം ചെയ്ത് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. പദ്ധതിയുടെ നല്ലൊരു പങ്ക് തീര്‍ന്ന്, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആദ്യകപ്പല്‍ വിഴിഞ്ഞത്ത് അടുപ്പിക്കാന്‍ കഴിയുമെന്ന സ്ഥിതിയായി. അപ്പോഴാണ് തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിന് ഇറങ്ങുന്നത്. പലതും ന്യായമായ ആവശ്യങ്ങളാണ്. വിഴിഞ്ഞത്തിന് വടക്കോട്ടുള്ള തീരത്തിന് രൂക്ഷമായ തീരശോഷണമുണ്ടായിട്ടുണ്ട്. പക്ഷേ അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണ്. കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇഴഞ്ഞു നീങ്ങുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. ഇത്തരം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. എന്നാല്‍, ഒരു ആവശ്യം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പദ്ധതി നിര്‍ത്തിവെച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണം. വിദഗ്ദരെ നിയോഗിച്ച് ഇത് നടത്താം. പക്ഷേ പദ്ധതി നിര്‍ത്തിവെക്കാനാവില്ല. ഇതാണ് സര്‍ക്കാരിന്റെ നിലപാട്. എന്തുകൊണ്ട് ഈ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല? മുഖ്യകാരണം പറഞ്ഞുകഴിഞ്ഞു. 6000 കോടി രൂപ ഇതിനകം ചിലവഴിച്ച് പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിയുടെ വരും വരായ്കകളെ കുറിച്ച് ആലോചിക്കേണ്ടിയിരുന്ന ഘട്ടത്തില്‍ ഇന്നത്തെ സമരക്കാര്‍ പദ്ധതി വേഗം നടപ്പാക്കാന്‍ സമരം ചെയ്തവരാണ്. രണ്ടാമത് ഒരു കാരണം കൂടിയുണ്ട്. അത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഏതാണ്ട് 60,000 കോടി രൂപ ചിലവ് വരും ഇതിന്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗര്‍മാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തു നിന്ന് ആരംഭിച്ച് ഇന്നത്തെ എംസി റോഡിന്റെ കിഴക്കന്‍ മേഖലയിലൂടെ 70 കിലോമീറ്റര്‍ കടന്ന് ദേശീയപാതയില്‍ വന്നു ചേരുന്ന നാലുവരി പാതക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതു പിന്നീട് ആറു വരി ആക്കുന്നതിനും പരിപാടിയുണ്ട്.