ചൈനയില്‍ കോവിഡ് നിയന്ത്രണത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു

ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത കോവിഡ് നിയന്ത്രണത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യവേ ബിബിസിയുടെ റിപ്പോര്‍ട്ടര്‍ എഡ്വേര്‍ഡ് ലോറന്‍സിനെ ചൈനയിലെ ഷാങ്ഹായില്‍ വച്ച് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി പ്രതിഷേധ സ്ഥലത്ത് വെച്ച് പൊലീസ് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചെന്നും മതിയായ ചികിത്സ പോലും നല്‍കിയില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അറസ്റ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ചൈനീസ് അധികൃതരില്‍ നിന്ന് ഔദ്യോഗിക വിശദീകരണമോ ക്ഷമാപണമോ ലഭിച്ചിട്ടില്ലെന്നും ബിബിസി വ്യക്തമാക്കി. വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് വിട്ടയക്കുകയും ചെയ്തു.

എന്നാല്‍, ആള്‍ക്കൂട്ടത്തില്‍ നിന്ന് കൊവിഡ് പിടികൂടിയേക്കാം എന്നതിനാല്‍ റിപ്പോര്‍ട്ടറുടെ നന്മയ്ക്കായാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് ബ്രിട്ടീഷ് സര്‍ക്കാരും ശക്തമായ നിലപാടെടുത്തു. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ ലോറന്‍സിനെ തടങ്കലില്‍ വെച്ച സംഭവം പത്രസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. പക്ഷേ, പോലീസ് ലോറന്‍സിനെ കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹം ഒരു മാധ്യമ പ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല എന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘നിയമാനുസൃതമായി രാജ്യത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ മാധ്യമ പ്രവര്‍ത്തകരെ ചൈന എപ്പോഴും സ്വാഗതം ചെയ്യുന്നു. കൂടാതെ ധാരാളം സഹായങ്ങളും അവര്‍ക്ക് നല്‍കാറുണ്ട്. അതേസമയം അവര്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ പാലിക്കണം- ഷാവോ പറഞ്ഞു.

അതേസമയം, ചൈനയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പാക്കുന്ന സീറോ-കോവിഡ് നയത്തോടുള്ള ജനകീയ പ്രക്ഷോഭം ശക്തമാകുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. 3 വര്‍ഷത്തോളമായി വ്യാപകമായ പരിശോധന, ക്രൂരമായ ലോക്ക്ഡൗണ്‍, നിര്‍ബന്ധിത ക്വാറന്റൈന്‍, ഡിജിറ്റല്‍ ട്രാക്കിംഗ് എന്നിവയാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും വലിയ വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.