രാജ്യസ്നേഹമുള്ള ആർക്കും വിഴിഞ്ഞം സമരം അംഗീകരിക്കാൻ കഴിയില്ല; വി അബ്ദുറഹിമാൻ

തിരുവനന്തപുരം: രാജ്യസ്നേഹമുള്ള ആർക്കും വിഴിഞ്ഞം സമരം അംഗീകരിക്കാൻ കഴിയില്ലെന്ന് തുറമുഖ മന്ത്രി വി അബ്ദുറഹിമാൻ. വിഴിഞ്ഞം സമരക്കാർ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ ആറെണ്ണത്തിന് സർക്കാർ കൃത്യമായ തീരുമാനം എടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഏഴാമത്തേത്തിൽ പഠനം നടത്തുന്നതിനായി കമ്മിറ്റിയുണ്ടാക്കിയെന്നും അദ്ദേഹം വിശദമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇത് സമരമല്ല, മറ്റെന്തോ ആണെന്നേ കരുതാൻ കഴിയൂ. ഒരു രാജ്യത്തിനാവശ്യമായ നിർമാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമായി കാണേണ്ടതാണ്. ഒരാഴ്ചയെങ്കിലും നിർത്തിവച്ച് പഠനം നടത്തണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. സർക്കാർ ആരെയും കുടിയൊഴിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. തൊഴിലാളിവിരുദ്ധമായ ഒരു നടപടികളും ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ഒരു മത്സ്യതൊഴിലാളിയുടെയും കണ്ണുനീർ വീഴാൻ ഈ സർക്കാർ സമ്മതിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കണമെങ്കിൽ ഖജനാവിൽ പണം ആവശ്യമാണ്. ഇതിനായി മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ മനസിലാക്കി സമരത്തിൽ നിന്നും പ്രതിഷേധക്കാർ പിന്നോട്ടുപോകണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു. ഇതിലും വലിയ തടസങ്ങൾ നീക്കിയിട്ടുണ്ട്. സർക്കാരിന് താഴുന്നതിന് പരിധിയുണ്ട്. പ്രതിഷേധക്കാർ കാര്യങ്ങൾ മനസിലാക്കട്ടേയെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖം എന്തായാലും വരും. പറയുന്ന സമയത്തുതന്നെ നിർമാണം പൂർത്തിയാക്കി വിഴിഞ്ഞത് കപ്പലുകൾ വരുമെന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. ഇതിൽ ആർക്കും സംശയം വേണ്ട.നാഷണൽ ഹൈവേ, എയർപോർട്ടുകളുടെ വിപൂലീകരണം, ഗെയ്ൽ പൈപ്പ്ലൈൻ എന്നിവ ഈ സർക്കാരിന് ശേഷം നടപ്പാക്കിയ കാര്യങ്ങളാണ്. അത് ഓർത്താൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.