തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷ പശ്ചാത്തലത്തില്‍ ക്രമസമാധാന പാലനത്തിന് എസ്.പിമാരും, ഡിവൈ എസ്.പിമാരും, സി.ഐമാരും ഉള്‍പ്പെട്ട പ്രത്യേക പോലീസ് സംഘത്തെ ഏര്‍പ്പെടുത്തി. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്. നിശാന്തിനിയെ സ്പെഷ്യല്‍ പോലീസ് ഓഫീസറായി നിയമിച്ചു. അധികമായി വിന്യസിച്ച ഈ പോലീസ് ഉദ്യോഗസ്ഥരുടെയടക്കം ഏകോപന ചുമതല നിശാന്തിനിക്കായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് നാളെ രാവിലെ പുറത്തിറങ്ങും.
അതേസമയം, വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. കണ്ടാലറിയാവുന്ന 3000-ത്തോളം പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. എന്നാല്‍, പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞ ശേഷമേ അറസ്റ്റിലേക്ക് പോലീസ് കടക്കൂ.
അതിനിടെ, സന്നിധാനത്ത് അഡീഷണല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ഉടന്‍ വിഴിഞ്ഞത്തെത്താന്‍ നിര്‍ദ്ദേശമുണ്ട്. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ വിഴിഞ്ഞം ഹാര്‍ബര്‍ പരിസരത്തും പദ്ധതി പ്രദേശത്തുമടക്കം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന് വളയുകയായിരുന്നു. ചിലര്‍ അകത്തേക്ക് ഇരച്ചുകയറി മരത്തടി ഉപയോഗിച്ച് സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് അടിച്ചുതകര്‍ത്തു. 36 പോലീസുകാര്‍ക്ക് പരിക്കേറ്റു. എഫ്.ഐ.ആര് രേഖകള്‍ അക്രമികള്‍ കീറിയെറിഞ്ഞു.

