യാഥാർത്ഥ്യമാകും കേരളത്തിന്റെ സ്വപ്ന പദ്ധതി; സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരസ്യ പ്രചാരണം തുടർന്ന് കെ റെയിൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ മരവിപ്പിച്ചിട്ടും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരസ്യ പ്രചാരണം തുടർന്ന് കെ റെയിൽ. ഫേസ്ബുക്ക് പേജിലൂടെയാണ് കെ റെയിൽ പരസ്യം പങ്കുവെച്ചിട്ടുള്ളത്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ച ഉത്തരവിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പരസ്യ വീഡിയോയുമായി കെ റെയിൽ രംഗത്തെത്തിയത്.

കേരളം കുതിക്കട്ടെ സിൽവർലൈനിൽ എന്ന കുറിപ്പോടെയാണ് പരസ്യം. പദ്ധതി ഇല്ലാതായിട്ടില്ല. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നത് വരെയുള്ള സമയം മാത്രമാണ് ഇനിയുള്ളത്. യാഥാർത്ഥ്യമാകും കേരളത്തിൻറെ സ്വപ്ന പദ്ധതിയെന്നും കെ റെയിൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും സർക്കാർ മടക്കി വിളിച്ചു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് 205 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവരെയാണ് തിരികെ വിളിച്ചത്. സാമൂഹികാഘാത പഠനം തൽക്കാലം നടത്തേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കുന്നത്.