സംഘടനാ കാര്യവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾ; മുൻപ് നൽകിയ വാക്കുപാലിച്ച് രാഹുൽ ഗാന്ധിയുടെ മറുപടി

ഭോപ്പാൽ: സംഘടന കാര്യങ്ങളിൽ ഇനിയെല്ലാം ഖാർഗെയാകും തീരുമാനമെടുക്കുകയെന്നും അഭിപ്രായം പറയുകയെന്നുമുള്ള വാക്കുപാലിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞിരുന്നത്. അന്ന് നൽകിയ വാക്ക് പാലിക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രവർത്തികൾ. ഭാരത് ജോഡോ യാത്രയ്ക്കിടെ നടന്ന വാർത്താ സമ്മേളനത്തിൽ സംഘടനാ കാര്യത്തിൽ ഉയർന്ന ചോദ്യത്തിൽ ഉയർന്ന രാഹുൽ ഗാന്ധി നൽകിയ മറുപടിയാണ് ഇതിനെ സാധൂകരിക്കുന്നത്.

രാജസ്ഥാൻ കോൺഗ്രസിലെ പൊട്ടിത്തെറിയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ രാഹുലിന്റെ അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ, സംഘടന വിഷയങ്ങൾ മല്ലികാർജ്ജുൻ ഖർഗെയോട് ചോദിക്കണമെന്നായിരുന്നു രാഹുൽ ഇതിന് നൽകിയ മറുപടി. രാജസ്ഥാൻ കോൺഗ്രസിലെ പൊട്ടിത്തെറി ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നും രാഹുൽ ഗാന്ധി അറിയിച്ചു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ യാത്ര തടയുമെന്ന ഭീഷണിക്കിടെയാണ് രാഹുലിന്റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം.

അശോക് ഗലോട്ടും സച്ചിൻ പൈലറ്റും പാർട്ടിയുടെ കരുത്താണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രക്കെതിരായ ഭീഷണികളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.