ഗവർണർക്കെതിരെയാണ് ഹർജിയെങ്കിൽ നിലനിൽക്കില്ല; ഹൈക്കോടതി

കൊച്ചി: ഗവർണർക്കെതിരെയാണ് ഹർജിയെങ്കിൽ നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാരിനോട് വ്യക്തമാക്കി ഹൈക്കോടതി. ചാൻസലർക്കെതിരെ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജി പരിഗണിക്കവെ ഗവർണറുടെ നടപടിയെയാണ് സർക്കാർ ചോദ്യം ചെയ്യുന്നത് എന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം.

ഇതുപോലെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു കേസ് പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കിയത്. വിദ്യാർഥികൾക്കാണ് പ്രഥമ പരിഗണന. അവരുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും കോടതി അറിയിച്ചു.

സദുദ്ദേശ്യത്തോടെയാണ് സിസ തോമസിന്റെ നിയമനം നടത്തിയതെന്നായിരുന്നു ഗവർണർ കോടതിയിൽ വാദിച്ചത്. സീനിയോറിറ്റിയിൽ നാലാം സ്ഥാനത്തായിരുന്നു സിസ തോമസ്. സാങ്കേതിക സർവകലാശാലയിൽ യോഗ്യരായവർ ഇല്ലായിരുന്നെന്നും ഗവർണർ കോടതിയെ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലേക്ക് ആവശ്യം ഉന്നയിച്ചു രണ്ട് കത്തുകൾ വന്നിരുന്നതായും തുടർന്നാണ് തന്റെ നിയമനം നടന്നതെന്നും സിസ തോമസ് വ്യക്തമാക്കി. സീനിയോരിറ്റിയിൽ സിസ തോമസിനു പത്താം സ്ഥാനമാണ് ഉള്ളതെന്നാണ് സർക്കാർ പറയുന്നത്.