തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.
‘ഗവേഷണത്തിന് മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങള്‍ പഠിക്കാനും നാല് വര്‍ഷ ബിരുദ കോഴ്‌സിലൂടെ അവസരമുണ്ടാകും. വിദ്യാര്‍ത്ഥികളില്‍ ഡിഗ്രി മുതല്‍ തന്നെ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്ടും ഉണ്ടായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാദ്ധ്യമാക്കും. മാത്രമല്ല, ഇവര്‍ക്ക് പിജി രണ്ടാം വര്‍ഷത്തിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്‌സുകള്‍ക്ക് ഓണേഴ്‌സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും. പരമ്ബരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകള്‍ കൂടി ഉള്‍പ്പെടുത്തിയാകും കോഴ്സുകള്‍ എന്നാണ് സൂചന. അടുത്ത അദ്ധ്യയന വര്‍ഷത്തെ കോഴ്സുകള്‍ ആരംഭിക്കുമ്‌ബോള്‍ നാല് വര്‍ഷ ബിരുദകോഴ്സുകള്‍ക്കും പ്രവേശനം നേടാം. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കും’- മന്ത്രി വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ ഇതിനോടകം താല്‍പര്യം അറിയിച്ചതായും ചെയര്‍മാന്‍ അറിയിച്ചിരുന്നു.

