കണ്ണൂര്‍: കേരളത്തില്‍ ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീരോഗ നിര്‍ണയ പരിശോധന 46.25 ലക്ഷം ആളുകളില്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 30 വയസ് കഴിഞ്ഞവരില്‍ 25 ശതമാനം പേരും ജീവിതശൈലീ രോഗങ്ങളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. അഞ്ചിലൊരാള്‍ക്ക് രോഗസാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തില്‍ 140 പഞ്ചായത്തുകളില്‍ പ്രാഥമികപഠനമായി തുടങ്ങിയ പദ്ധതി ഇപ്പോള്‍ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. 30 പിന്നിട്ട 1.69 കോടി ആളുകളാണ് സംസ്ഥാനത്തുള്ളത്. 26 ശതമാനമാളുകള്‍ അമിത ബി.പി., പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞവരോ ചികിത്സിക്കുന്നവരോ ആണ്. 19 ശതമാനമാളുകള്‍ ജീവിതശൈലീ രോഗത്തിന് സാധ്യതയുള്ളവരാണ്.
അതേസമയം, ‘ശൈലി ആപ്പ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ 30 പിന്നിട്ടവരെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്നു കണ്ട് സ്‌ക്രീനിങ് നടത്തുകയാണ്. ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗനിര്‍ണയവും ചികിത്സയും സര്‍ക്കാര്‍ ലഭ്യമാക്കുന്നു. കാന്‍സര്‍ സാധ്യതയുള്ളവരില്‍ സ്‌ക്രീനിങ് കാര്യക്ഷമമാക്കുന്നതിനുള്ള വെബ് പോര്‍ട്ടലാണ് കാന്‍സര്‍കെയര്‍ സ്യൂട്ട്. രോഗസാധ്യതയുണ്ടെങ്കില്‍ സ്യൂട്ടില്‍ പേര് രജിസ്റ്ററാകും. ആദ്യപരിശോധന പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലും, രോഗസൂചനയുണ്ടെങ്കില്‍ ബയോപ്‌സി, എഫ്.എന്‍.എ.സി. മുതലായ പരിശോധനകള്‍ ജില്ലാ, താലൂക്ക് ആശുപത്രികളിലും നടത്തും. രോഗം സ്ഥിരീകരിച്ചാല്‍ മെഡിക്കല്‍ കോളേജ്, കാന്‍സര്‍സെന്റര്‍ എന്നിവിടങ്ങളിലേക്ക് റഫര്‍ചെയ്യും.

