സത്യവും നീതിയും ജയിച്ചു; തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞുവെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം: സോളാർ പീഡനകേസിൽ അടൂർ പ്രകാശ് എംപിയ്ക്ക് ക്ലീൻ ചിറ്റ് നൽകി സിബിഐ. സത്യവും നീതിയും ജയിച്ചുവെന്ന് അടൂർ പ്രകാശ് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ആരോപണം മാനസികമായി പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതി നൽകിയ പരാതി. വിമാന ടിക്കറ്റ് അയച്ച് ബംഗളൂരുവിലേക്ക് തന്നെ അടൂർ പ്രകാശ് ക്ഷണിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു.

അതേസമയം, ആരോപണങ്ങൾക്ക് യാതൊരു തെളിവും ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ബംഗളൂരുവിൽ അടൂർ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ച് കൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ലെന്നും അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ചേർത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുവെന്നാണ് വിവരം.