കൊച്ചി: പ്രൊഫഷണൽ കോൺഗ്രസ് ഞായറാഴ്ച്ച നടത്താനിരിക്കുന്ന കോൺക്ലേവിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഓൺലൈനായി പങ്കെടുക്കും. ശശി തരൂർ പ്രൊഫഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ്. ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു മുൻ തീരുമാനമെന്നും എന്നാൽ പിന്നീട് ഓൺലൈനായി പങ്കെടുക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ശശി തരൂരും കെപിസിസി നേതൃത്വവും തമ്മിലെ ഭിന്നതക്കിടെയായിരുന്നു കെ സുധാകരൻ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നുവെന്ന വാർത്ത പുറത്തു വന്നത്. ഇത് ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കുമെന്ന് സുധാകരൻ വ്യക്തമാക്കിയത്. തരൂരും സുധാകരനും ഒരുമിച്ച് വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിക്കാനിരുന്നത്.
ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പ്രൊഫഷണൽ കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂർ പങ്കെടുക്കുക. വൈകിട്ട് 5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക.

