മന്നം ജയന്തി സമ്മേളനം കൂടാതെ ചങ്ങനാശേരി അതിരൂപതയുടെ ചടങ്ങിലും മുഖ്യാതിഥിയായി തരൂര്‍

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ യുവജന സംഘടനയായ യുവദീപ്തി എസ്.എം.വൈ.എമ്മിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള യുവജനസമ്മേളനത്തില്‍ മുഖ്യാതിഥിയായി ശശി തരൂര്‍ എം.പി.

ജനുവരി രണ്ടിന് പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും, ഡിസംബര്‍ മൂന്നിന് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ ഉദ്ഘാടകനും ശശി തരൂരാണ്.

അതേസമയം, മലബാര്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികളില്‍ ശശി തരൂര്‍ നേരത്തെ പങ്കെടുത്തിരുന്നു. മലബാര്‍ പര്യടനത്തിനിടെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനൊപ്പം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെയും തരൂര്‍ സന്ദര്‍ശിച്ചിരുന്നു.