മലബാർ ബ്രാൻഡി; പുതിയ ബ്രാൻഡി വിപണിയിലെത്തിക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പുതിയ ബ്രാൻഡി വിപണിയിലെത്തിക്കാൻ സംസ്ഥാന സർക്കാർ. മലബാർ ഡിസ്റ്റലറീസിന്റെ ‘മലബാർ ബ്രാൻഡി’ അടുത്ത ഓണത്തിന് വിപണിയിലെത്തുമെന്ന് സർക്കാർ വ്യക്തമാക്കി. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ജവാൻ റമ്മാണ് സംസ്ഥാന സർക്കാരിന്റേതായി വിപണിയിലുള്ള മദ്യം.

സർക്കാർ മേഖലയിൽ മദ്യ ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാർ ഡിസ്റ്റലറീസിൽ മദ്യ ഉൽപാദനം ആരംഭിക്കുന്നത്. പൂട്ടിപ്പോയ ചിറ്റൂർ ഷുഗർ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. ഇതിനായുള്ള സർക്കാരിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി. ഡിസംബർ ഒന്നു മുതൽ ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് ഇതിന്റെ നിർമാണ ചുമതല.

പ്ലാന്റ് നിർമാണം 2023 മാർച്ചിനു മുൻപ് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ആദ്യ ഘട്ടത്തിൽ അഞ്ച് ഉത്പാദന ലൈനുകൾ സ്ഥാപിക്കും. മാസത്തിൽ 3.5 ലക്ഷം കേയ്‌സ് മദ്യം ഉൽപാദിപ്പാക്കാനാണ് ആലോചന. 20 കോടി രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്.