അഞ്ചാംപനി പടരുന്നു; ലക്ഷണങ്ങള്‍ അറിയാം…

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും അഞ്ചാംപനി പടരുന്നു. കോവിഡ് കാലത്ത് വാക്‌സിനേഷന്‍ മുടങ്ങിയതാണ് രോഗം വീണ്ടും പടരാന്‍ കാരണമായതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. തീവ്രവ്യാപന ശേഷിയുള്ള മീസില്‍സ് വൈറസാണ് ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗത്തിന് കാരണമാകുന്നത്. മുംബൈയില്‍ മാത്രം 13 പേരാണ് ഒരുമാസത്തിനിടെ മരണപ്പെട്ടത്. മുംബൈ, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങള്‍ക്ക് പുറമെ കേരളത്തില്‍ മലപ്പുറത്തും രോഗ വ്യാപനം കൂടിയ സാഹചര്യമാണുള്ളത്.

എന്താണ് അഞ്ചാം പനി?

മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് ഇത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം 10-12 ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണയായി ലക്ഷണങ്ങള്‍ വികസിക്കുകയും 7-10 ദിവസം നീണ്ടു നില്‍ക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍ അറിയാം…

പനിയുടെ കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകാനിടയുണ്ട്. നാല് ദിവസത്തിന് ശേഷം ചെവിയുടെ പിറകില്‍ നിന്ന് മുഖത്തേക്ക് പടര്‍ന്ന ശേഷം ദേഹമാസകലം ചുവന്ന പൊടിപ്പുകള്‍ കാണാന്‍ തുടങ്ങും. അപ്പോഴേക്കും പനി ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദ്ദി ശക്തമായ വയറു വേദനയും ലക്ഷണങ്ങളാണ്.

ജാഗ്രത വേണം…

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം

രോഗിയുമായി സമ്പര്‍ക്കം അരുത്

കുട്ടികളില്‍ രോഗം പിടിപ്പെട്ടാല്‍ സങ്കീര്‍ണമാവാനിടയുണ്ട്

തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക

രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടേണ്ടതാണ്‌