‘വരാഹ രൂപം’ ഇല്ല, ‘കാന്താര’ ഒടിടിയില്‍; പ്രതികരണവുമായി തൈക്കുടം ബ്രിഡ്ജ്

തിയേറ്ററുകളിലും ബോക്‌സ് ഓഫീസിലും ഒരുപോലെ മികച്ച വിജയം സ്വന്തമാക്കിയ ഋഷഭ് ഷെട്ടി ചിത്രം കാന്താര ഇന്ന് മുതല്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീംമിഗ്. കോപ്പിയടി വിവാദത്തില്‍ അകപ്പെട്ട ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. ഈ അവസരത്തില്‍ തൈക്കുടം ബ്രിഡ്ജ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്.

നീതിയുടെ വിജയമെന്നാണ് തൈക്കുടം ബ്രിഡ്ജ് സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചിരിക്കുന്നത്. ‘ആമസോണ്‍ പ്രൈം, കാന്താര എന്ന സിനിമയില്‍ നിന്ന് ഞങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തു. നീതി ജയിക്കുന്നു! അവകാശങ്ങള്‍ക്കായി പോരാടുന്നതിന് ഹൃദയപൂര്‍വമായ പിന്തുണ നല്‍കിയ ഞങ്ങളുടെ സംഗീത സാഹോദര്യത്തിനും ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി’എന്നാണ് തൈക്കുടം കുറിച്ചിരിക്കുന്നത്

അജനീഷ് ലോകേഷ് സംഗീതം നല്‍കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ഉയര്‍ന്ന ആരോപണം. ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, സ്‌പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.