തിരുവനന്തപുരം: കെ മുരളീധരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശി തരൂർ വിവാദത്തിൽ കെ മുരളീധരൻ ഉന്നയിച്ച വിമർശനങ്ങൾക്കാണ് ചെന്നിത്തല പ്രതികരണവുമായി രംഗത്തെത്തിയത്.
തരൂരുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചവരാകാമെന്നായിരുന്നു കെ.മുരളീധരൻ പറഞ്ഞത്. എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും നാലു വർഷം സമയമുണ്ടെന്നായിരുന്നു ചെന്നിത്തല ഇതിന് നൽകിയ മറുപടി. ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽ ഒരു രീതിയുണ്ട്. എല്ലാവരും അതനുസരിച്ച് വേണം പ്രവർത്തിക്കേണ്ടത്. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായിരിക്കണം. എല്ലാ നേതാക്കൻമാർക്കും പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരമുണ്ട്. എന്നാൽ പ്രവർത്തനം പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണമെന്നു മാത്രം. സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാ നേതാക്കൾക്കും പാർട്ടിയിൽ ഇടമുണ്ട്. ഭിന്നിപ്പ് ഉണ്ടാകുന്നതിന് ആരും കാരണക്കാരാകരത്. ഇത് കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരസ്യ പ്രസ്താവന വിലക്കിയിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

