ആര്യാ രാജേന്ദ്രൻ ഇപ്പോഴും പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയാണ്; വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി ശശി തരൂർ എംപി. ആര്യാ രാജേന്ദ്രൻ ഇപ്പോഴും പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ പ്രതിഷേധം നടത്തുന്ന യുഡിഎഫ് സമരവേദി സന്ദർശിച്ച ശേഷം സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

നമ്മുടെ നാട്ടിൽ ജോലി തേടി നടക്കുന്ന യുവാക്കളെ വഞ്ചിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണ്. ഇതിൽ പ്രതിഷേധിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് നേരെ പൊലീസ് എന്തുമാത്രം ക്രൂരതയാണ് കാണിച്ചത്. ഇതൊരിക്കലും ക്ഷമിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം നടത്തിയ നാല് കെഎസ്‌യു പ്രവർത്തകർ 18 ദിവസങ്ങളായി ജയിലിലാണ്. 14 യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജയിലിലാണ്. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയും എംപിയുമായ ജെബി മേത്തർ ഉൾപ്പെടെ നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഈ ക്രൂരതകളെന്ന് അദ്ദേഹം ചോദിക്കുന്നു.

യഥാർത്ഥ ജനാധിപത്യം ഇതല്ല. പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മേയർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഏത് പാർട്ടിയിൽ നിന്ന് മത്സരിക്കുന്നു എന്നതല്ല. ജയിച്ച് കഴിഞ്ഞ് സ്ഥാനം ലഭിച്ചാൽ എല്ലാവരുടെയും മേയറാകണമെന്നും തരൂർ ആവശ്യപ്പെട്ടു.