തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് സൂചന. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളിലെ കടുത്ത അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
1950 മെയ് 28ന് കണ്ണൂരിലാണ് ഇ.പി ജയരാജന്‍ ജനിച്ചത്. സിപിഎമ്മിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. മികച്ച സംഘാടകനായി പേരെടുത്ത ഇ.പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ പ്രധാന നേതാവും പിന്നീട് കേന്ദ്രകമ്മിറ്റി അംഗവുമായി. ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറല്‍ മാനേജരുമായിരുന്നു അദ്ദേഹം. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായ-കായിക മന്ത്രിയായിരുന്നു. മന്ത്രിയായിരിക്കെ ബന്ധുനിയമവിവാദത്തില്‍ 2016 ഒക്ടോബര്‍ 14-ന് ഇ.പി മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. 2017 സെപ്റ്റംബറില്‍, വിജിലന്‍സ് ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനാക്കിയതോടെ ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. കേരള നിയമസഭയിലേക്ക് അദ്ദേഹം നാലുതണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1991 മുതല്‍ 1996 വരെയും 2011 മുതല്‍ 2021 വരെയും കേരള നിയമസഭാംഗമായിരുന്നു.
അതേസമയം, ഇ.പി ജയരാജന്‍ അനിശ്ചിതകാല അവധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം എ.കെ.ജി സെന്ററില്‍ എത്താറില്ല.

