സംസ്ഥാനത്തെ മദ്യവില വര്‍ധനക്ക് പിന്നില്‍ അഴിമതി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടിയതിനു പിന്നില്‍ അഴിമതിയെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

‘ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ നീകുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്കാണ്. ടി.പി രാമകൃഷ്ണന്‍ ചെയ്യാന്‍ മടിച്ചത് എം ബി രാജേഷ് ചെയ്യുന്നു. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യ ഉല്‍പാദകര്‍ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് നികുതി ഒഴിവാക്കിയത്. തീരുമാനം പിന്‍വലിക്കണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് മേല്‍ വലിയ ഭാരമാണ് പാല്‍ വില വര്‍ധനകൊണ്ടും ഉണ്ടാവുന്നത്. ജനങ്ങള്‍ക്ക് മേല്‍ വലിയ ഭാരം ഉണ്ടാക്കുകയാണ്’- അദ്ദേഹം പറഞ്ഞു.

അതേസമയം, കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ആനാവൂര്‍ നാഗപ്പനും ഡി.ആര്‍ അനിലുമാണ് യഥാര്‍ഥ പ്രതികളെന്നും ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.