അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിന്റെ ഫയലുകൾ ഉടൻ ഹാജരാക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: വിരമിച്ച പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയലിന് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമനം നൽകിയതിന്റെ ഫയലുകൾ ഉടൻ ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി. വ്യാഴാഴ്ച തന്നെ ഫയലുകൾ ഹാജരാക്കിയിരിക്കണമെന്നാണ് കോടതി കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർ എന്നിവരുടെ നിയമന നടപടി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

നിയമന പ്രക്രിയ എങ്ങനെയാണെന്ന് മനസിലാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനകാര്യങ്ങളിൽ പുതിയ സമിതി വേണം എന്നതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെടുന്ന ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചത് ഈ ഹർജി കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ്. നവംബർ 19നാണ് കേന്ദ്രം ഈ നിയമനം കേന്ദ്രം നടത്തിയത്. ഹർജി പരിഗണിക്കുന്നതിനിടെ ഇത്തരമൊരു നിയമനം ഒഴിവാക്കാമായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, നിയമനത്തിന്റെ നടപടിക്രമങ്ങൾ സർക്കാർ അവകാശപ്പെടുന്നത് പോലെ ശരിയായ രീതിയിലാണെങ്കിൽ ഭയപ്പെടാൻ ഇല്ലെന്ന് ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി.