കോസ്റ്ററിക്കയെ ഗോള്‍ മഴയില്‍ മുക്കി സ്പാനിഷ് പട. എതിരില്ലാത്ത ഏഴ് ഗോളുകളാണ് എതിര്‍ടീമിന്റെ വല തുളച്ചുകയറിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത് അല്‍ തുമാമ സ്റ്റേഡിയത്തില്‍ 90 മിനിറ്റും സ്പെയ്ന്‍ മാത്രമായിരുന്നു. ആ പാസിങ് മാജിക്കില്‍ കോസ്റ്ററീക്ക താരങ്ങള്‍ മൈതാനത്ത് പന്ത് കിട്ടാതെ അലഞ്ഞു. സ്പാനിഷ് നിരയിലെ ആറു പേര് ചേര്‍ന്നാണ് ഏഴു ഗോളടിച്ചത്. ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളും (31-പെനല്‍റ്റി, 54), ഡാനി ഓല്‍മോ (11), മാര്‍ക്കോ അസെന്‍സിയോ (21), ഗാവി (74), കാര്‍ലോസ് സോളര്‍ (90), അല്‍വാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റന്‍ വിജയമൊരുക്കിയത്. ഇതോടെ, ഗ്രൂപ്പ് ഇയില്‍ മൂന്നു പോയിന്റുമായി സ്പെയിന് ഒന്നാം സ്ഥാനത്തേക്ക് കയറി. ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ച ജപ്പാനാണ് രണ്ടാമത്.
31 മിനിറ്റിനിടെ മൂന്നു ഗോളടിച്ച് സ്പെയിന് ആധിപത്യമുറപ്പിച്ചിരുന്നു. പതിവുപോലെ മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ സ്പെയ്ന്‍ മികച്ച അവസരങ്ങളും ഒരുക്കി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ 11-ാം മിനിറ്റില്‍ ഡാനി ഓല്‍മോയാണ് സ്പെയ്നിനെ മുന്നിലെത്തിച്ചത്. കോസ്റ്ററിക്കന്‍ ബോക്സിലേക്ക് നടത്തിയ തുടര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു സ്പെയിനിന്റെ ആദ്യ ഗോള്‍. 11-ാം മിനിറ്റിനുള്ളില്‍ സ്പെയ്ന്‍ ലീഡ് വര്‍ധിപ്പിച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മാര്‍ക്കോ അസെന്‍സിയോ. ബോക്സിനു വെളിയില്‍ ഇടതുവിങ്ങില്‍നിന്നും ജോര്‍ഡി ആല്‍ബ പന്ത് ഉയര്‍ത്തി വിട്ടു. പന്ത് കാല്‍ചുവട്ടിലാക്കിയ അസെന്‍സിയോ നിഷ്പ്രയാസം അത് വലയിലാക്കി. 31-ാം മിനിറ്റ് ലീഡ് മൂന്നാക്കി ഉയര്‍ത്താനുള്ള ജോലി ഫറന് ടോറസിനായിരുന്നു. ലഭിച്ച പെനാല്‍റ്റി പേടി കൂടാതെ വലയിലെത്തിച്ചു.
രണ്ടാം പകുതിയിലും സ്പാനിഷ് പട ഗോള്‍വേട്ട തുടര്‍ന്നു. നാലാം ഗോള്‍ 54ാം മിനിറ്റില്‍ സംഭവിച്ചു. പന്തുമായി കോസ്റ്ററിക്കന്‍ ബോക്സിലേക്ക് ഫെറാന്‍ ടോറസ് ഓടിക്കയറുമ്ബോള് തടയാന്‍ കോസ്റ്ററീക്കന്‍ ഗോള്‍കീപ്പര്‍ക്കുമായില്ല. ടോറസ് തൊടുത്ത ഷോട്ട് വല തുളച്ചുകയറി. അടുത്തത് ഗവിയുടെ അവസരമായിരുന്നു. അല്‍വാരോ മൊറാട്ടയില്‍ നിന്ന് പന്ത് സ്വീകരിച്ച ഗവി അതിനെ നിഷ്പ്രയാസം വലയിലെത്തിച്ചു സ്കോര്‍ 5- 0. ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്നുപോയ കോസ്റ്ററീക്കന്‍ നിരയെ ആക്രമിക്കാന്‍ എളുപ്പമായിരുന്നു. പ്രതിരോധം മുഴുവന്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. അവിടെയാണ് ആറാമതും വല കുലുക്കി കാര്‍ലോസ് സോളര്‍. വില്യംസ് ബോക്സിലേക്ക് ഉയര്‍ത്തിയ നല്കിയ ബോള്‍ ബോക്സിന്റെ നടുക്ക് ലഭിച്ചതോടെ പോസ്റ്റിന്റെ മൂലയിലേക്ക് സോളര്‍ തൊടുത്തുവിട്ടു. ഇന്‍ജറി ടൈമിലും തങ്ങളുടെ ഗോളടി യന്ത്രം സ്പാനിഷ് നിര നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇത്തവണ ലക്ഷ്യം കണ്ടത് അല്‍വാരോ മൊറാട്ട. ഡാനി ഓല്‍വോയില്‍നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് മൊറാട്ട തൊടുത്ത പന്ത്, കെയ്ലര് നവാസിനെ കാഴ്ചക്കാരനാക്കി വലയിലേക്ക്. സ്കോര്‍ 7-0.

