നിയമന ശുപാർശ കത്ത് വിവാദം; ഓംബുഡ്സ്മാൻ അന്വേഷണം നടത്തേണ്ടെന്ന് നഗരസഭ

തിരുവനന്തപുരം: നിയമന ശുപാർശ കത്ത് വിവാദം ഓംബുഡ്സ്മാൻ അന്വേഷിക്കേണ്ടെന്ന് നഗരസഭ. ഓംബുഡ്സ്മാന് നൽകിയ മറുപടി കത്തിലാണ് നഗരസഭ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കത്ത് വിവാദം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പോലീസ് അന്വേഷണവും ഒപ്പം നടക്കുന്നുണ്ടെന്നും നഗരസഭ സെക്രട്ടറി നൽകിയ മറുപടിയിൽ പറയുന്നു. അതിനാൽ ഓംബുഡ്സ്മാൻ അന്വേഷണം നടത്തേണ്ടെന്നും നഗരസഭാ സെക്രട്ടറി മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ നഗരസഭയ്ക്ക് നോട്ടീസ് നൽകിയത്.

അതേസമയം, മേയർ ആര്യാ രാജേന്ദ്രൻ ശുപാർശ കത്ത് വ്യാജമാണെന്ന് പ്രാഥമികാന്വേഷണ സമയത്ത് മൊഴി നൽകിയതോടെ ആര്യയുടെ മൊഴിയിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. കേസിൽ വ്യാഴാഴ്ച്ച മേയറുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പിന്നീട് ജീവനക്കാരെയും ചോദ്യം ചെയ്യും.