കോൺഗ്രസ് വേദികളിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്; വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: കേരള പര്യടനം സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ശശി തരൂർ എംപി. കേരളത്തിൽ താൻ പങ്കെടുക്കുന്ന പരിപാടികൾ എങ്ങനെയാണ് ഇത്ര വലിയ വിവാദമാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വേദികളിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. രണ്ട് കോൺഗ്രസ് എംപിമാർ കോൺഗ്രസ് വേദിയിൽ കോൺഗ്രസിന് അനുകൂലമായ വിഷയങ്ങളെ കുറിച്ച് കോൺഗ്രസിന്റെ ഭാഷയിൽ പ്രഭാഷണം നടത്തിയാൽ അതിൽ എന്താണ് വിവാദമെന്നും അദ്ദേഹം ചോദിക്കുന്നു.

താൻ പങ്കെടുക്കുന്നത് ക്ഷണം കിട്ടിയ പരിപാടികൾക്കാണ്. പാർട്ടി അനുകൂല സംഘടനകളുടെ ക്ഷണങ്ങൾ ഒഴിവാക്കുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വർഷവും ഇത്തരം പ്രസംഗങ്ങൾ നടത്താറുണ്ട്. എന്നാൽ ഇപ്പോൾ മാത്രമാണ് വിവാദം ഉണ്ടായത്. സമയമുള്ളപ്പോൾ ഒരൊറ്റ ക്ഷണവും ഒഴിവാക്കിയിട്ടില്ല. മലബാർ ഭാഗത്തേക്ക് ഏറെനാളായി താൻ വന്നിട്ടില്ലെന്ന് കുറപേർ പരാതി പറഞ്ഞിരുന്നു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വേളയിൽ മലബാറിലേക്ക് ക്ഷണം കൂടുതലായി വന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇവിടങ്ങളിലേക്കെത്തിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

പല ജില്ലകളിലും ഇത്തരം പരിപാടികളിലെല്ലാം മുമ്പും പങ്കെടുത്തിട്ടുണ്ട്. ഇനിയും അതു തുടരും. അത് മറ്റാരുടെയും ബിസിനസ് അല്ല. എല്ലാവരേയും കോൺഗ്രസുകാരായാണ് കാണുന്നത്. 29 വർഷം യുഎന്നിൽ പ്രവർത്തിച്ചശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. ഇതാണ് തന്റെ അവസാന പ്രൊഫഷൻ. കഴിഞ്ഞ 14 വർഷമായി പാർട്ടിയിലെ ഒരു ഗ്രൂപ്പിലും താൻ ഉണ്ടായിട്ടില്ല. ഇതുവരെ ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുത്തിട്ടുമില്ല. ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.