തിരുവനന്തപുരം: കോൺഗ്രസിന്റെ ഈ പോക്ക് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടതെന്നും കോൺഗ്രസിന്റെ ഉത്തരവാദിത്വം വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൈമറി സ്‌കൂൾ കുട്ടികൾ പോലും ഇങ്ങനെ പെരുമാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടത്. വിഭാഗീയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടരുത്. ശശി തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കേരളത്തിലെ നേതാക്കൾ തന്നെ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവുകളിലേക്കിറങ്ങേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് പരസ്പരം പോരാടുന്നത്. ചിലർ രാവിലെ ഒന്നും ഉച്ചക്ക് വേറൊന്നും പറയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

