തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12-ന് ആരംഭിക്കും. പരീക്ഷകൾ പൂർത്തിയായ ശേഷം 23 മുതൽ ക്രിസ്മസ് അവധി ആരംഭിക്കും. ജനുവരി രണ്ടു വരെയാണ് ക്രിസ്മസ് അവധി.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാഭ്യാസ കലണ്ടറനുസരിച്ച് ഡിസംബർ മൂന്നിന് സ്‌കൂൾ പ്രവൃത്തിദിനമായിരുന്നത് ജനുവരി ഏഴിലേക്ക് പുനഃക്രമീകരിക്കുകയും ചെയ്തു. ഡിസംബർ മൂന്ന് ആറാമത്തെ പ്രവൃത്തിദിനമായതിനാൽ ഒഴിവാക്കണമെന്ന പൊതു ആവശ്യം ഉയർന്നതിനാലാണ് നടപടി.
അതേസമയം, സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതി നടപ്പാക്കാൻ മതിയായ സാവകാശം അനുവദിക്കും. സംരക്ഷിത അധ്യാപകർക്ക് മാതൃവിദ്യാലയത്തിൽനിന്ന് മാറ്റം കിട്ടുന്നതു വരെയുള്ള കാലയളവ് അംഗീകൃത അവധിയായി പരിഗണിക്കാൻ നടപടി സ്വീകരിക്കും.

