തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും പാഴ്ച്ചെലവുകളും കാരണമുള്ള സാമ്ബത്തിക പ്രതിസന്ധി ജനങ്ങളെ ബാധിച്ചു തുടങ്ങി. പതിനൊന്നായിരം കോടിയിലധികം രൂപ കുടിശിക കിട്ടാനുള്ള കരാറുകാരും മാസം 1600 രൂപ വാങ്ങുന്ന ക്ഷേമ പെന്‍ഷന്‍കാരും റേഷന്‍ വാങ്ങുന്ന സാധാരണക്കാരും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 55 ലക്ഷത്തോളം പേര്‍ക്കാണ് നിലവില്‍ പെന്ഷന് മുടങ്ങിയത്.
അതേസമയം, ഭക്ഷ്യ വകുപ്പിനുള്ള ഫണ്ട് 120 കോടിയില്‍ നിന്ന് 44 കോടിയായി കുറച്ചതോടെ ശനിയാഴ്ച മുതല്‍ റേഷന്‍ മുടങ്ങുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. കമ്മീഷന് വെട്ടിക്കുറച്ചതോടെ റേഷന്‍ വ്യാപാരികള്‍ കടകള്‍ പൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ലൈഫ് ഭവന പദ്ധതിയും പണമില്ലാതെ നിലച്ച സ്ഥിതിയാണ്. ഓണക്കാലത്തെ 15,000 കോടിയിലേറെ രൂപയുടെ ക്ഷേമ, ആശ്വാസ നടപടികള്‍ക്ക് പിന്നാലെയാണ് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായത്. കൂടുതല്‍ വായ്പയെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങളും കേരളത്തിനേറ്റ അടിയാണ്.
ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വന്‍തുക ചെലവഴിച്ച് മന്ത്രിമാരുടെ വിദേശയാത്രകള്‍ നടക്കുന്നത് ശ്രദ്ധേയമാണ്. മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും ബോര്‍ഡ് ചെയര്മാന്മാര്ക്കും ജഡ്ജിമാര്‍ക്കും ആഢംബരവാഹനങ്ങള്‍ക്ക് കോടികള്‍, ഖാദിബോര്‍ഡ് ചെയര്മാന് കാറിന് 35 ലക്ഷം, ഗവര്‍ണറെ അനുനയിപ്പിക്കാന്‍ രാജ്ഭവനില്‍ ഡെന്റല്‍ ക്ളിനിക്കിനും സല്‍ക്കാര സൗകര്യങ്ങള്‍ക്കും ലക്ഷങ്ങള്‍, ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് 90 ലക്ഷം എന്നിങ്ങനെയുള്ള ധൂര്‍ത്താണ് സംസ്ഥാനത്ത് നടക്കുന്നത്. കേന്ദ്ര സഹായങ്ങള്‍ വാങ്ങാന്‍ സമ്മര്‍ദ്ദമുണ്ടാക്കുക മുന്‍ഗണനാമേഖലകളെ ഒഴിവാക്കി ചെലവുചുരുക്കല്‍ ശക്തിപ്പെടുത്തുക എ്ന്നീ കാര്യങ്ങള്‍ ഈ അവസ്ഥയില്‍ വളരെ പ്രധാനമാണ്.

