മില്‍മ പാല്‍ ലിറ്ററിന് 5 രൂപ കൂട്ടും; ഡിസംബര്‍ 1 മുതല്‍ നടപ്പാക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ 1 മുതല്‍ നടപ്പാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ലിറ്ററിന് 5 രൂപയാണ് വര്‍ധിപ്പിക്കുന്നത്. വര്‍ധിപ്പിക്കുന്ന ഓരോ രൂപയ്ക്കും 88 പൈസ വീതം കര്‍ഷകനു നല്‍കാനാണു നിലവിലെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ലിറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ. എന്നാല്‍, വലിയ രീതിയില്‍ വിലകൂട്ടുന്നത് ജനരോഷമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വര്‍ധന 5 രൂപയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യം പരിഗണിച്ചാണ് മില്‍മയുടെ ശുപാര്‍ശ അംഗീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിപ്പിക്കും.

ക്ഷീരകര്‍ഷകര്‍ നേരിടുന്ന നഷ്ടത്തെ തുടര്‍ന്നാണ് വില കൂട്ടുന്നതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു കിട്ടുന്നില്ലെന്ന വിമര്‍ശനമുണ്ട്. കാലിത്തീറ്റയ്ക്ക് ഉള്‍പ്പെടെ വില ഇരട്ടിയായ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകര്‍ഷകരുടെ ആവശ്യം. 50 രൂപയ്ക്കു മില്‍മ പാല്‍ വില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് ഇപ്പോഴും കിട്ടുന്നത് പരമാവധി 35 രൂപയാണ്. ഇതു പരിഹരിക്കാന്‍ കര്‍ഷകര്‍ക്കു പാലിനു വില നല്‍കുന്ന പട്ടികയും ഇതിനൊപ്പം പരിഷ്‌കരിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം.