പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും. ദി ടീച്ചര്‍, വാതില്‍, സൗദി വെള്ളക്ക, ലൂയിസ്, പൊരിവെയില്, പ്രതി നിരപരാധിയാണോ?, ഖെദ്ദ എന്നീ ചിത്രങ്ങളാണ് 2ന് റിലീസിനെത്തുന്നത്.
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന അമലപോളിന്റെ മലയാള ചിത്രമായ ടീച്ചര്‍ വിവേക് സംവിധാനം ചെയ്യുന്നു. സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതില്‍ എന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, അനുസിതാര, കൃഷ്ണശങ്കര് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓപ്പറേഷന് ജാവയുടെ വന്‍ വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക ടൈറ്റില്‍ പുതുമ കൊണ്ട് തന്നെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ലുക്മാന്, ദേവിവര്‍മ്മ , സുധികോപ്പ, ശ്രിദ്ധ, ഗോകുലന്, ധന്യ അനന്യ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂയിസ് നവാഗതനായ ഷാബു ഉസ്മാന് സംവിധാനം ചെയ്യുന്നു. പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ കെ. ഷമീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി മനുഷ്യന്. മനോജ് കാന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഖെദ്ദയില്‍ ആശ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് പ്രധാന വേഷത്തില്‍. സുനില്‍ പൊറ്റമ്മല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രതി നിരപരാധിയാണോ? എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍ എത്തുന്നു.
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ എ.ബി. ബിനില്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന വാമനന് 9ന് റിലീസ് ചെയ്യും. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ്. ധ്യാന്‍ ശ്രീനിവാസന്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന വീകം 9ന് റിലീസ് ചെയ്യും. ഷൈന്‍ ടോം ചാക്കോ, ബിനുപപ്പു, എം.എ. നിഷാദ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് 9ന് റിലീസ് ചെയ്യും. പാന്‍ ഇന്ത്യന്‍ ചിത്രമായ വിജയാനന്ദ 9ന് എത്തുന്നു. ലെനയെ നായികയാക്കി അബ്ദുള്‍ റഹ്മാന് സംവിധാനം ചെയ്യുന്ന വനിത 16ന് തിയേറ്ററില്‍ എത്തും. ഇടവേളയ്ക്കുശേഷം ഭാവന അഭിനയിക്കുന്ന ന്റക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് 16ന് റിലീസ് ചെയ്യും. ഭാവനയോടൊപ്പം ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായക അരങ്ങേറ്റം നടത്തുന്ന വെടിക്കെട്ട് 22ന് റിലീസ് ചെയ്യാനാണ് തീരുമാനം.

