തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിനെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിഷപ്പ് ധർമ്മ രാജ റസലം പ്രതിയായ കാരണക്കോണം മെഡിക്കൽ കോഴ കേസുമായി ബന്ധപ്പെട്ട് കാരക്കോണം മെഡിക്കൽ കോളേജിന്റെ അക്കൗണ്ടിലുള്ള പണം എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി. 95 ലക്ഷം രൂപയാണ് ഇഡി കണ്ടുകെട്ടിയത്.
മെഡിക്കൽ സീറ്റ് അഴിമതിയിൽ ഡോ. ബെനറ്റ് ഏബ്രഹാം, ധർമ്മരാജ റസാലം എന്നിവർ ചേർന്ന് 95 ലക്ഷം രൂപയുടെ കമ്മീഷൻ പറ്റിയെന്ന് എൻഫോഴ്സെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതിന് സമാനമായ തുകയാണ് കോളേജിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും കണ്ടു കെട്ടിയതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
കാരക്കോണം മെഡിക്കൽ കോളജ് അഡ്മിഷന് വാങ്ങിയ തലവരി പണത്തിലൂടെ സമ്പാദിച്ച കള്ളപ്പണം വിദേശനാണയ ചട്ടം ലംഘിച്ച് വെളുപ്പിച്ചെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിഷപ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. കോളേജ് ഡയറക്ടർ ഡോ ബെന്നറ്റ് അബ്രഹാമിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. മൂന്ന് തവണയാണ് ഇരുവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ബിഷപ്പിനു പുറമേ സഭാ സെക്രട്ടറി ടി ടി പ്രവീൺ അടക്കമുള്ളവരാണ് കേസിലെ കൂട്ട് പ്രതികൾ.

