ചെറുകിട സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ ഒരു ഏകീകൃത ബ്രാൻഡിന്റെ കീഴിൽ വിറ്റഴിക്കാം; സംവിധാനവുമായി കുടുംബശ്രീ

കാസർകോട്: ചെറുകിട സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ ഒരു ഏകീകൃത ബ്രാൻഡിന്റെ കീഴിൽ വിറ്റഴിക്കാൻ സൗകര്യം ഒരുക്കി കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ. ജില്ലയിലെ രണ്ടായിരത്തോളം കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി വിപണിയിലെത്തുന്നത് കെ ശ്രീ എന്ന ഒറ്റ ബ്രാൻഡിലായിരിക്കും. ഉത്പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ ശ്രീ എന്ന ബ്രാൻഡിൽ ഉത്പന്നങ്ങൾ എത്തിക്കുന്നത്.

വിവിധ പേരുകളിലാണ് ജില്ലയിലെ കുടുംബശ്രീ സംരംഭകർ നിലവിൽ അവരുടെ ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചിരുന്നത്. ഏകീകൃത സ്വഭാവം ഇല്ലാത്തതിനാൽ വിപണി കണ്ടെത്താൻ ഈ ഉത്പന്നങ്ങൾക്ക് പ്രയാസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കെ ശ്രീ ബ്രാൻഡ് എത്തുന്നത്. ജില്ലയിൽ 2000 സംരംഭകർ കുടുംബശ്രീയ്ക്ക് കീഴിലുണ്ട്.

നീലേശ്വരം ബ്ലോക്കിൽ നിന്ന് മീറ്റ് മസാല, ചിക്കൻ മസാല, ഫിഷ് മസാല, അച്ചാർ പൊടി, ചമ്മന്തിപ്പൊടി തുടങ്ങിയ എസ്‌വിഇപി സംരംഭങ്ങളുടെ 10 ഉൽപന്നങ്ങളും പരപ്പയിൽ നിന്ന് ആർകെഐഇഡിപി സംരംഭങ്ങളുടെ 10 ഉൾപ്പെടെ 40 ഉൽപന്നങ്ങൾ ആദ്യ ഘട്ടത്തിൽ ബ്രാൻഡ് ചെയ്യും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബാഗുകൾ, ചെരിപ്പുകൾ തുടങ്ങിയവ കെശ്രീ ബ്രാൻഡിൽ ഉൾപ്പെടുത്തും. വിവിധ സിഡിഎസുകളിലായി രൂപീകരിച്ച മാർക്കറ്റ് കിയോസ്‌ക് വഴിയും നഗരങ്ങളിലെ അർബൻ കിയോസ്‌ക് വഴിയുമായിരിക്കും ഇവ വിറ്റഴിക്കുക. കൂടാതെ കുടുംബശ്രീയുടെ ഹോം ഷോപ്പ് വിൽപനയും ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.