തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന് ഭാഗിമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപാരികള്‍ കടയടപ്പ് സമരത്തിനൊരുങ്ങുന്നു. അടുത്ത ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിന് റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിന്റെ നോട്ടീസ് നല്‍കും.
അതേസമയം, വ്യാപാരികളുടേത് ഗുരുതര വിഷയമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി ജി.ആര് അനില്‍ പ്രതികരിച്ചു. ‘യാഥാര്‍ത്ഥ്യം വ്യാപാരികള്‍ക്കും അറിയാം. കൃത്യമായ കമ്മീഷന് നല്‍കാറുണ്ട്. കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള കമ്മീഷനും ഇപ്പോള്‍ സംസ്ഥാനം നല്‍കേണ്ടിവരുന്നു. അതാണ് രണ്ടുമാസമായി കമ്മീഷന് വൈകുന്നത്. മുഴുവന്‍ പേര്‍ക്കും കമ്മീഷന് നല്കാന് തീരുമാനിച്ചാല്‍ ചെറിയ തുക മാത്രമേ നല്കാന് കഴിയൂ. അതുകൊണ്ടാണ് 50 ശതമാനം പേര്‍ക്ക് നല്‍കുന്നത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്തിനും ഏതിനും സമരം വേണോ എന്നവര്‍ ആലോചിക്കണം. സമരമെന്ന് പത്രത്തില്‍ വന്നതല്ലേയുള്ളു. വ്യാപാരികള്‍ സമരം തുടങ്ങുമ്ബോള്‍ നോക്കാം.’- മന്ത്രി പറഞ്ഞു.
എന്നാല്‍, ‘ഭക്ഷ്യവകുപ്പ്-റേഷന്‍ മേഖലയ്ക്കായി 120 കോടിയാണ് ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കിട്ടിയത് വെറും 44 കോടി രൂപ മാത്രമാണ്. സര്‍ക്കാരിന്റെ സാമ്ബത്തിക ഞെരുക്കമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇത്തവണ കമ്മീഷന് 49 ശതമാനമേ കിട്ടൂ. 29.51 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ കമ്മീഷന്. ഇതില്‍ സര്‍ക്കാര്‍ അനുവദിച്ചത് 4.46 കോടി രൂപ മാത്രമാണ്. ഇതില്‍നിന്ന് ക്ഷേമനിധി പിടിക്കും. നികുതി ഒടുക്കണം. പിഴ നല്കേണ്ടവര് അതും നല്‍കണം. പിന്നെ മറ്റ് ചെലവുകളും വഹിക്കേണ്ടി വരുന്നതോടെ വലിയ നഷ്ടമാണ് ഉണ്ടാവുക’- എന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിക്കുമെന്ന് വാര്‍ത്തകളിലാണ് കണ്ടത്. എന്നാല്‍, ഇത് ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

