രത്തന്‍ ടാറ്റയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായിക സുധ കൊങ്കര

‘സൂരരൈ പൊട്ര്’ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന സംവിധായികയാണ് സുധ കൊങ്കര. സൂരരൈ പൊട്രിന് ശേഷം വീണ്ടും ഒരു ബയോപികുമായി എത്താന്‍ ഒരുങ്ങുകയാണ് ഇവര്‍.

പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ ജീവചരിത്രം സിനിമയാക്കാന്‍ സുധ കൊങ്കര ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആരാരും അറിയാതെ കിടക്കുന്ന രത്തന്‍ ടാറ്റയുടെ ജീവിതത്തെ കുറിച്ച് പുറംലോകത്തെ അറിയിക്കാനൊരുങ്ങുകയാണ് സംവിധായക. ലോകമെമ്ബാടുമുള്ള ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ രത്തന്‍ ടാറ്റയുടെ ജീവചരിത്രം സിനിമയാകുന്നു എന്ന വാര്‍ത്ത സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. സിനിമക്കാവശ്യമായ പഠനം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്. 2023 അവസാനത്തോടെ ചിത്രം ആരംഭിക്കാനാണ് സുധ കൊങ്കര പദ്ധതിയിടുന്നത്.

‘സൂരരൈ പൊട്ര്’ എന്ന സിനിമയില്‍ മലയാളികളുടെ പ്രിയ താരം അപര്‍ണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ ഏറ്റുവാങ്ങി. സൂര്യ തന്നെയായിരുന്നു ചിത്രം നിര്‍മ്മിച്ചത്.