കൊച്ചി കൂട്ടബലാത്സംഗ കേസ്: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കൊച്ചിയിലെ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, സുദീപ്, രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാമ്പ(ഡോളി) എന്നിവരെ നവംബര്‍ 26 വരെ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വളരെ ആസൂത്രിതവും മൃഗീയവുമായ പ്രവൃത്തിയാണ് പ്രതികളുടേത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഹോട്ടലിന് പുറത്ത് പാര്‍ക്കിങ് ഏരിയയില്‍വെച്ചും വാഹനത്തില്‍വെച്ചും ക്രൂരമായ കൂട്ടബലാത്സംഗം നടന്നു. പരാതിക്കാരിയായ മോഡലിന് മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കിയാണ് പീഡിപ്പിച്ചത്. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളുടെ മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും പാസ് വേര്‍ഡ് ലോക്കുള്ളതിനാല്‍ ഇത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. നാലാംപ്രതി ഡിംപിളിന്റെ ഫോണും കണ്ടെടുക്കാനുണ്ട്. ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനാലാണ് നാലുപ്രതികളെയും 26 വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അതേസമയം, പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായത് കോടതിമുറിയിലെ തര്‍ക്കത്തിന് കാരണമായി. അഡ്വ. അഫ്‌സലും അഡ്വ. ബി.എ ആളൂരും ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയിരുന്നു. അഡ്വ. അഫ്‌സലിനെയാണ് ഡിംപിള്‍ വക്കാലത്ത് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, വക്കാലത്ത് ഇല്ലാതെ അഡ്വ. ആളൂരും കോടതിയില്‍ ഹാജരാവുകയായിരുന്നു.