സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ബംഗ്ലാദേശിന് വീര്‍പ്പുമുട്ടുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി ബംഗ്ലാദേശ്. ശ്രീലങ്കയും പാകിസ്ഥാനും കഴിഞ്ഞാല്‍ ഐ എം എഫിനോട് സാമ്പത്തിക സഹായം അഭ്യര്‍ഥിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. ധനക്കമ്മി, ഉല്‍പ്പാദന മേഖലയിലെ വൈവിധ്യ വല്‍ക്കരണത്തിന്റെ അഭാവം, ഫോറെക്‌സ് കരുതല്‍ ശേഖരം കുറയല്‍, ഉയര്‍ന്ന പണപ്പെരുപ്പം, നികുതി വെട്ടിപ്പ്, അഴിമതി തുടങ്ങിയവ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഇല്ലാതാക്കുകയാണ്. ഇന്ധന വില വര്‍ധിക്കുന്നതിനാല്‍ സ്‌കൂളുകളുടെയും, ഓഫീസുകളുടെയും പ്രവര്‍ത്തന സമയം വരെ വെട്ടി കുറച്ചു.

രാജ്യത്തെ ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക് 8.9 ശതമാനം ആണെങ്കിലും ഇത് വിശ്വസിക്കാന്‍ രാജ്യാന്തര ഏജന്‍സികളടക്കം ആരും തയ്യാറല്ല. ഓഗസ്റ്റ് മാസത്തില്‍ 51 ശതമാനമാണ് പെട്രോള്‍ വില വധിപ്പിച്ചത്. ഇതോടെ എല്ലാ വസ്തുക്കളുടെയും വില ബംഗ്ലാദേശില്‍ കുതിച്ചുയര്‍ന്നു. സാധാരണക്കാര്‍ക്ക് ഭക്ഷണം പോലും വാങ്ങാന്‍ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയായി. തുണിത്തരങ്ങളുടെയും, റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും ബിസിനസ് കൊണ്ട് പച്ചപിടിച്ച ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയില്‍ കുറച്ചു കാലം മുന്‍പ് വരെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനായി പല വന്‍കിട ബ്രാന്‍ഡഡ് കമ്പനികളും ബംഗ്ലാദേശില്‍ അവരുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ തുറന്നിട്ടുണ്ട്. വ്യവസായവല്‍ക്കരണം കൊണ്ട് രാജ്യം വളര്‍ന്നെങ്കിലും ചുഴലിക്കാറ്റുകളും, വെള്ളപ്പൊക്കങ്ങളും സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചപ്പോള്‍ ഇത് അസമത്വം കൂടാന്‍ കാരണമായി.

അതേസമയം, വികസന പദ്ധതികള്‍ക്കായി കടം നല്‍കി രാജ്യത്തെ മൊത്തം സാമ്പത്തിക അവസ്ഥ തകരാറിലാക്കുന്ന ചൈനീസ് മോഡല്‍ കടക്കെണി ബംഗ്ലാദേശിനും തിരിച്ചടി ആയിരിക്കുകയാണ്. ഇത്തരം പദ്ധതികളുടെ നിര്‍മാണഘട്ടത്തിലും വന്‍ അഴിമതിയാണ് നടക്കുന്നത്. കൈക്കൂലി നല്‍കാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒരു കാര്യങ്ങളും ബംഗ്ലാദേശില്‍ നടക്കില്ല എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബംഗ്ലാദേശില്‍ മാത്രമല്ല ചൈനയുടെ ഇടപെടലുള്ള എല്ലാ രാജ്യങ്ങളിലും അനധികൃത തട്ടിപ്പും, നികുതി വെട്ടിപ്പും ഉപയോഗിച്ച് ചൈനീസ് കമ്പനികള്‍ അന്യായ നേട്ടം ഉണ്ടാക്കുന്നുണ്ട്. സാങ്കേതിക വിദ്യയിലെ രാജ്യങ്ങളുടെ റാങ്കിങ്ങില്‍ വളരെ പുറകിലുമാണ് ബംഗ്ലാദേശിന്റെ സ്ഥാനം. 2020 ല്‍ ഇന്ത്യക്ക് പോലും നെഗറ്റീവ് വളര്‍ച്ച നിരക്ക് ഉണ്ടായപ്പോള്‍ 3.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യമാണ് ബംഗ്ലാദേശ്. ആ അവസ്ഥയില്‍ നിന്നാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തിയത്.